ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ മര്‍ദ്ദിച്ച രണ്ട് പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ വനം മന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ രണ്ടു കേസുകളെടുത്തു. ജയലളിത നടയ്ക്കിരുത്തിയ ആനയായ കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരായ ശരത്, വാസു എന്നിവര്‍ ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടപടി .ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയതായി വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ വനം വകുപ്പ് രണ്ട് കേസുകൾ എടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ട പാപ്പാന്മാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പാപ്പാന്മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസത്തിനിടെ പല ദിവസങ്ങളിലായി ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് മര്‍ദ്ദനമേറ്റ വിവരം പുറത്തുവന്നത്. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയും കേശവന്‍ കുട്ടി എന്ന ആനയുമായിരുന്നു ദൃശ്യങ്ങളിലുള്ളത്. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്ന കൃഷ്ണ എന്ന ആനയെ കിടക്കാത്തതിനാണ് പാപ്പാന്‍ ശരത് മര്‍ദ്ദിച്ചത്. കേശവന്‍ കുട്ടിയെ പാപ്പാന്‍ വാസു തല്ലി എഴുനേല്‍പ്പിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പുന്നത്തൂര്‍ ആനക്കോട്ടയിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററാട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.തുടര്‍ന്ന് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാപ്പാന്മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇരുവരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രാവിലെ ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അടുത്ത പതിമൂന്നിന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.