‘ഗുരുതരമായ കാര്യം’; കമ്പനികളിൽനിന്ന് പണം വന്നോയെന്ന് പിണറായി വ്യക്തമാക്കണമെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ മകൾക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാൾക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്, എസ്.എൻ.സി ലാവലിൻ ഉൾപ്പെടെയുള്ള കമ്പനികളിൽനിന്ന് പണം വന്നെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളിൽനിന്ന് പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ മകളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ഇത് ശരിയാണോയെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. ആരോപണം തെറ്റാണെങ്കിൽ ഉന്നയിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം, സതീശൻ ആവശ്യപ്പെട്ടു.

ആരോപണം വന്നാൽ മൗനത്തിന്റെ മാളത്തിൽ ഒളിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ പതിവ് രീതി. ഇക്കാര്യത്തിലും അങ്ങനെ ചെയ്താൽ ആരോപണം ശരിയാണെന്ന് വരും. ഈ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി നിഷേധിച്ചാൽ ഇതേക്കുറിച്ചുള്ള ബാക്കി വിവരങ്ങൾ പറയാമെന്നും സതീശൻ പറഞ്ഞു.

എസ്.എഫ്.ഐ.ഒയുടെയും ഇ.ഡിയുടെയും അന്വേഷണം ഒരു കേസിലും എങ്ങുമെത്തിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കരുവന്നൂരിൽ സി.പി.എമ്മുകാരെ ഇപ്പോൾ പിടിക്കുമെന്ന തോന്നലുണ്ടാക്കി. എന്നിട്ട് ഏതെങ്കിലും സി.പി.എം നേതാവിനെ അറസ്റ്റു ചെയ്‌തോ? ബി.ജെ.പി ഇ.ഡിയെ ഉപയോഗിച്ച് തൃശൂരിലെ സി.പി.എം നേതാക്കളെ വിരട്ടി നിർത്തുകയായിരുന്നു. വേറെ ചില സ്ഥലങ്ങളിൽ എസ്.എഫ്.ഐ.ഒ ഇപ്പോൾ വരുമെന്ന് പറഞ്ഞിട്ടും ഇതുവരെ ഒരാളെ പോലും ചോദ്യം ചെയ്തില്ലെന്നും സതീശൻ പറഞ്ഞു.

കെജരിവാളിനെ ഉൾപ്പെടെ ജയിലിലാക്കിയിട്ടും കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ സ്‌നേഹത്തിലാണ്. അതാണ് രാഹുൽ ഗാന്ധിയും പറഞ്ഞത് സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *