ഗാസയിലെ ആക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നത്; ഈ ഭീകരതക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടതുണ്ട്: പിണറായി

ഗാസയിൽ ഇസ്രയേൽ ഭരണകൂടം തുടർന്നുവരുന്ന അതിക്രമം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഫയിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്രയേൽ സൈന്യം തിങ്കളാഴ്ച നടത്തിയ ബോംബാക്രമണത്തിൽ 45-ഓളം ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇസ്രയേൽ നടത്തിവരുന്ന അതിക്രമങ്ങളിൽ ഇതുവരെ 36,000-ഓളം പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്നുവരുന്ന ഈ അധിനിവേശത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. എന്നാൽ, ഈ പ്രതിഷേധങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ച് സൈനികാക്രമണം തുടരുകയാണ് ഇസ്രയേൽ.

സാമ്രാജ്യത്വത്തിന്റെ അധിനിവേശ താല്പര്യങ്ങൾക്കായി പലസ്തീൻ ജനതയെ അടിച്ചമർത്താനും മേഖലയെ സൈനികവത്കരിക്കാനുമുള്ള പുതിയ നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗാസയിൽ ഇസ്രയേൽ ഭരണകൂടം തുടർന്നുവരുന്ന സാമ്രാജ്യത്വ അതിക്രമങ്ങൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. റഫയിൽ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്രായേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണത്തിൽ 45 ഓളം ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഫയിൽ അതിക്രമം നിർത്തണമെന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിന്‌ പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

ഇസ്രയേൽ നടത്തിവരുന്ന അതിക്രമങ്ങളിൽ ഇതുവരെ 36,000 ത്തോളം പേർ കൊല്ലപ്പെട്ടിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്നു വരുന്ന ഈ അധിനിവേശത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചു സൈനികാക്രമണം തുടരുകയാണ് ഇസ്രയേൽ.

ഈ ഭീകരതക്കെതിരെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികളും സമാധാനപ്രേമികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടതുണ്ട്. ഗാസയിലെ ജനതക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണം. സാമ്രാജ്യത്വത്തിന്റെ അധിനിവേശ താല്പര്യങ്ങൾക്കായി പലസ്തീൻ ജനതയെ അടിച്ചമർത്താനും മേഖലയെ സൈനികവൽക്കരിക്കാനുമുള്ള പുതിയ നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *