ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വൈസ് ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണനയ്ക്ക് വരുന്നുണ്ട്. 

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത്  സർവകലാശാല വൈസ്  ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്   വീണ്ടും പരിഗണിക്കും. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. 

മറുപടി നൽകാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാൻസലർമാരും ഗവർണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവർണറുടെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാൻസലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ സാഹചര്യവും വിശദീകരിക്കും. വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവർണറുമായി കൂടിക്കാഴ്‍ച്ച നടത്തി. 

Leave a Reply

Your email address will not be published. Required fields are marked *