ഗതാഗത കമ്മിഷണറെ പരസ്യമായി ശാസിച്ച് മന്ത്രി; രൂക്ഷമായി പ്രതികരിച്ച് കമ്മിഷണർ

ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിച്ചു.

ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ൽ തുടങ്ങുമെന്നു പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിനു നൽകിയെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും ഇതു ബാധിക്കുമെന്നതിനാൽ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവർ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിർദേശം. എന്നാൽ അതു സർക്കാരിനു ബാധ്യതയാകുമെന്നും കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെ ആർക്കും വരാവുന്ന രീതിയിൽ കരാർ വിളിക്കുന്നതാണ് നല്ലതെന്നും അന്നത്തെ ചീഫ് സെക്രട്ടറി നിർദേശിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. ഇതിൽ ഇപ്പോഴും തീരുമാനമായില്ല. 

ഇതുസംബന്ധിച്ച ഉത്തരവുണ്ടോയെന്നു യോഗത്തിൽ മന്ത്രി ചോദിച്ചു. ഇല്ലെന്നു കമ്മിഷണർ വിശദീകരിക്കാൻ തുടങ്ങുമ്പോഴേക്കും മന്ത്രി ക്ഷുഭിതനായി. ഡ്രൈവിങ് സ്‌കൂൾ ഉടമകളോട് ക്ഷമ പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥരും ഗതാഗത കമ്മിഷണറും തന്നെ വഞ്ചിച്ചുവെന്നു മൈക്കിലൂടെ പറഞ്ഞു. യോഗം കഴിഞ്ഞ് കമ്മിഷണർ മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *