കർക്കിടക മാസത്തെ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് തുറക്കും

കർക്കിടക മാസത്തെ പൂജകൾക്കായാണ് ശബരിമല നട ഈ മാസം 16ന് തുറക്കുന്നത്. 16 ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരും. ഇതിനുശേഷമാകും ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. അതേസമയം പതിനേഴാം തീയതി മുതലാണ് കർക്കിടക മാസ പൂജകൾ ആരംഭിക്കുന്നത്. വാവുബലി ദിനമായ 17ന് പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും. പിതൃതർപ്പണ പൂജകൾക്കായി എത്തുന്നവർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *