ക്ഷേമപെന്‍ഷന്‍ ഭിക്ഷയാണെന്ന് ഹൈക്കോടതിയെ അറിയിച്ച പിണറായിക്ക് ഉടൻ തിരിച്ചടി കിട്ടും: ഹസൻ

 ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന്  50 ലക്ഷം സാധാരണക്കാര്‍ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

കൊവിഡ് കാലത്ത് കിറ്റ് നല്കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയില്‍ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയന്‍  ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്. 

ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോള്‍ നല്കണം, എത്ര നല്കണം, ആര്‍ക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങള്‍ക്ക് കിട്ടുമ്പോള്‍ വാങ്ങാം. കിട്ടിയില്ലെങ്കില്‍ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം. 

റംസാന്‍, വിഷു, ഈസ്റ്റര്‍ തുടങ്ങിയ പുണ്യനാളുകളില്‍പ്പോലും ജനങ്ങളെ സര്‍ക്കാര്‍ അര്‍ധപ്പട്ടിണിയിലേക്കു തള്ളിവിട്ടു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയപ്പോള്‍ പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെപ്പോലെ ബാക്കിയുള്ളവരും  തെരുവിലിറങ്ങുന്നതു കാണാന്‍ കാത്തിരിക്കുന്ന മനുഷ്യപ്പറ്റില്ലാത്ത  ഭരണാധികാരിയാണ് പിണറായി. പ്രായമായവര്‍, അംഗപരിമിതര്‍, വിധവകള്‍ തുടങ്ങി സമൂഹത്തിന്റെ കൈത്താങ്ങ് വേണ്ടവരാണ് ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നത്.  അവരെ കൈവിട്ട് കോര്‍പറേറ്റുകളെ താലോലിക്കുന്ന അവസ്ഥയിലേക്ക് പിണറായി ഭരണം കൂപ്പുകുത്തിയെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി. 

8000 രൂപ നല്കാനുള്ളപ്പോള്‍ 3200 രൂപ കുടിശിക നല്കിയിട്ട് പുരപ്പറത്തുകയറി നിന്നാണ് പിണറായി വിജയന്‍ ചെണ്ടകൊട്ടുന്നത്. ഇന്ധനസെസ്, മദ്യത്തില്‍നിന്നുള്ള സെസ്, കേന്ദ്രസഹായം എന്നിവയെല്ലാം ക്ഷേമപെന്‍ഷന്റെ പേരിലാണ് സര്‍ക്കാര്‍ മുക്കുന്നത്. ഇതില്‍ കേന്ദ്രത്തിന്റെ സഹായം പലപ്പോഴും മുടങ്ങുന്നുണ്ട്. കേരളത്തിലെ നികുതിദായകര്‍ പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ നല്കുന്ന ഈ പണം അഴിമതിക്കും ആര്‍ഭാടത്തിനും വിനിയോഗിക്കുന്നതുകൊണ്ടാണ് ക്ഷേമപെന്‍ഷന്‍ നല്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്. ഇതില്‍ സര്‍ക്കാര്‍ മാത്രമാണ് പ്രതിസ്ഥാനത്ത്. 

യുഡിഎഫ് സര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി തൊഴിലില്ലായ്മവേതനം നടപ്പാക്കി മാതൃക കാട്ടിയ നാടാണ് നമ്മുടേത്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്കു നല്കിയിരുന്ന സഹായമായിരുന്നു അത്. പിണറായി സര്‍ക്കാര്‍ തൊഴിലില്ലായ്മവേതനം നല്കാനുള്ള ആദായപരിധി 12,000 രൂപ ആക്കിയതോടെ ആ പദ്ധതി തന്നെ നിലച്ചുപോയെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി. 

Leave a Reply

Your email address will not be published. Required fields are marked *