ഓസ്ട്രേലിയയുടെ വടക്കന്‍ മഴക്കാടുകളില്‍ ഭീമാകാരമായ തവളയെ കണ്ടെത്തി. ശരാശരി വലിപ്പമുള്ള ചൂരല്‍ തവളകളെക്കാള്‍ ആറ് മടങ്ങ് വലിപ്പമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ ചൂരല്‍ തവള. സമുദ്രനിരപ്പില്‍ നിന്നും 393 മീറ്റർ (1,289 അടി) ഉയരത്തിൽ കണ്ടെത്തിയ ഈ തവളയ്ക്ക് 2.7 കിലോ ഗ്രാം ഭാരമുള്ളത്. ഇതുവരെ ലോകത്ത് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ തവള എന്ന പദവിയും ഇത് സ്വന്തമാക്കി.
1935 ലാണ് ഈ തവള ഇനത്തെ ആദ്യമായി ഓസ്ട്രേലിയന്‍ കാടുകള്‍ക്ക് പരിചിതമാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന തവളയായി ഇവയെ കണക്കാക്കുന്നു. നിലവില്‍ 200 കോടി ചൂരല്‍ തവളകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ക്വീൻസ്‌ലാന്‍റിലെ പട്രോളിങ്ങിനിടെ പാർക്ക് റേഞ്ചർ കൈലി ഗ്രേ ആദ്യമായി ഈ ഭീമാകാരമായ ഉഭയജീവിയെ കണ്ടപ്പോൾ, അവര്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്.
രണ്ടര കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ഒരു തവള. “ഇത്രയും വലുപ്പമുള്ള താവളയെ ഞാൻ കണ്ടിട്ടില്ല,” എന്നായിരുന്നു കൈലി ഗ്രേ ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞത്. കാലുകളുള്ള ഒരു ഫുട്ബോൾ പന്തുപോലെയാണ് അത്. ഞങ്ങൾ അതിനെ ‘ടോഡ്‌സില്ല’ എന്ന് വിളിച്ചു, അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ടെത്തിയ ചൂരല്‍ തവള പെണ്‍ തവളയാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി അതിനെ താഴ്വാരത്തേക്ക് എത്തിച്ച് ഭാരം അളന്നു നോക്കിയപ്പോഴാണ് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ തവള. ഇത് ലോക റിക്കാര്‍ഡാണെന്ന് ഇവര്‍ പറയുന്നു. ഇതിന് മുമ്പ് 1991-ൽ സ്വീഡനിലെ പ്രിൻസെൻ എന്ന വളര്‍ത്ത് തവളയാണ് ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്.
2.65 കിലോഗ്രാമായിരുന്നു അതിന്‍റെ ഭാരം. ഈ ഗിന്നസ് റിക്കോര്‍ഡാണ് ഇപ്പോള്‍ ടോഡ്‍സില തകര്‍ത്തത്. പ്രാണികൾ, ഉരഗങ്ങൾ, ചെറിയ സസ്തനികൾ എന്നിവയുടെ ഭക്ഷണക്രമത്തിൽ ഇത്തരം ഭീമാകാരമായ ജീവികളും ഉള്‍പ്പെടാമെന്ന് മിസ് ഗ്രേ പറയുന്നു.
“അത്ര വലിപ്പമുള്ള ഒരു ചൂരൽ തവള അതിന്‍റെ വായിൽ ഒതുങ്ങുന്നതെന്തും തിന്നും,” അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷമുള്ള ഇത്തരം തവളകള്‍ക്ക് ഓസ്ട്രേലിയയില്‍ കാടുകളില്‍ ജൈവികമായ ശത്രുക്കളില്ല. മാത്രമല്ല ഇവയുടെ വിഷാംശം മറ്റ് തദ്ദേശീയ മൃഗങ്ങളുടെ, പ്രത്യേകിച്ചും പ്രാണി വര്‍ഗ്ഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു.
ഇപ്പോള്‍ കണ്ടെത്തിയ ടോഡ്‍സിലയ്ക്ക് ഏത്ര പ്രായമുണ്ടാകുമെന്ന് കണക്കാക്കിയിട്ടില്ല. ഈ ഇനം തവളകള്‍ക്ക് ഏതാണ്ട് 15 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ടോഡ്‍സിലയ്ക്ക് അതിലും പ്രായമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റ് തദ്ദേശീയ ജീവികളുടെ വംശനാശത്തിന് കാരണമാകുന്ന ജീവികളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയയില്‍ നിയമം അനുശാസിക്കുന്നു. ഇത് പ്രകാരം ടോഡ്‍സിലയെ ദയാവധം ചെയ്തു. മൃതദേഹം കൂടുതല്‍ പഠനങ്ങള്‍ക്കായി ബ്രിസ്‌ബേനിലെ ക്വീൻസ്‌ലൻഡ് മ്യൂസിയത്തിന് സംഭാവന ചെയ്യും.