മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത. അതേക്കുറിച്ച് പറയേണ്ടത് ലീഗാണ്. അവർക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം. പൊന്നാനിയിൽ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത സ്ഥാനാർത്ഥികളെ നിർത്താറില്ലെന്നും സമസ്തയിലുള്ളവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്‌ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.എം.എ. സലാം എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്‌ലിം ലീഗ് വ്യക്തമാക്കി. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.