കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ സതീശൻ ആക്രമിക്കുന്നു; ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ല: മുഹമ്മദ് റിയാസ്

രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കും? കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.

രാഷ്ട്രീയമായി വിമർശനം വി.ഡി സതീശനെതിരെ ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ ബിജെപി വിജയിച്ചത് ഗൗരവമേറിയ കാര്യമാണ്. എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഡിസിസി ഓഫീസിൽ അടിയുണ്ടായില്ലേയെന്നും ഡിസിസി പ്രസിഡൻ്റിനെ മാറ്റിയില്ലേയെന്നും ചോദിച്ച അദ്ദേഹം കോൺഗ്രസിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളിച്ചു. 

കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ബിജെപിയുടെ അണ്ടർ കവർ ഏജൻ്റാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ഉയർത്തിയ രാഷ്ട്രീയത്തിന് മറുപടി പറയാതെ പിച്ചും പേയും പറഞ്ഞാൽ കൈയും കെട്ടി നിൽക്കില്ല. പാലക്കാട് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരായിരിക്കും.

ഇനിയും അനിൽ കുമാർമാരും പ്രശാന്തുമാരും സരിന്മാരും കോൺഗ്രസിലുണ്ട്. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അക്കാര്യത്തിൽ പാർട്ടിയും സംസ്ഥാന സെക്രട്ടറിയും നിലപാടുകൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *