കോഴിക്കോട് സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി; കുട്ടിയുൾപ്പെടെ പത്തുപേർക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി കുട്ടിയുൾപ്പെടെ പത്തുപേർക്ക് പരിക്ക്. കൊടുവള്ളിക്കടുത്ത് മദ്രസാബസാറിൽ ഇന്നുരാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ബസ് നിയന്ത്രണംവിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേയ്ക്ക് വന്ന സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും പറയുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ഫയർഫോഴ്‌സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരിൽ ചിലർക്കും പരിക്കേറ്റു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതും അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു.അതിനിടെ ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേയ്ക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറപ്പന്തറയിലാണ് അപകടമുണ്ടായത്. നാലുപേരാണ് അപകടസമയം കാറിലുണ്ടായിരുന്നത്. കാറ് ഒഴുകിപ്പോയെങ്കിലും നാലുപേരും രക്ഷപ്പെട്ടു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേയ്ക്ക് പോവുകയായിരുന്നു നാൽവർ സംഘം. 

Leave a Reply

Your email address will not be published. Required fields are marked *