കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹിൽ സ്വദേശികളായ അതുൽ [24], മകനായ രണ്ടര വയസ്സുകാരൻ അൻവിക് എന്നിവരാണ് മരിച്ചത്. എലത്തൂർ കോരപ്പുഴ പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ല.
പുലർച്ചെ ഒന്നരയോടെ കൊയിലാണ്ടി ഭാഗത്ത് നിന്നും വന്ന സ്കൂട്ടറും കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൻവിക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു. അതുൽ കെ.മുരളീധൻ എം.പിയുടെ ഡ്രൈവറാണ്. അതുലിൻറെ സഹോദരൻറെ ഗൃഹപ്രവേശനത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.