കോഴിക്കോട് താമരശേരിയിൽ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പികെ പ്രകാശൻ, യുവതിയുടെ ഭർത്താവ് ഷെമീർ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടിയാണ് തന്നോട് നഗ്നപൂജ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടതെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നത്. പ്രകാശൻ പൂജയുടെ കർമി ചമഞ്ഞാണ് എത്തിയത്. പൂജ നടത്തിയാൽ പ്രശ്നങ്ങൾ തീരുന്നതിനൊപ്പം ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്നും ഇരുവരും യുവതിയെ ധരിപ്പിച്ചു. എന്നാൽ യുവതി ഒഴിഞ്ഞുമാറി. ഇതോടെ നിർബന്ധമായി. ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
താമരശേരി പൊലീസ് ഇൻസ്പെക്ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.