കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നിഷേധിച്ച കാലിക്കറ്റ് ട്രേഡ് സെൻ്ററിലെ ന്യൂ ഇയര്‍ ആഘോഷ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ട്. കോര്‍പറേഷൻ്റെ സ്റ്റോപ്പ് മെമ്മോ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് പരിപാടി നടത്താനുള്ള സംഘാടകരുടെ തീരുമാനം.
തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ട്രേഡ് സെൻ്ററിൻ്റെ കെട്ടിട നിര്‍മാണം അനധികൃതം എന്നുമുള്ള വിലയിരുത്തന്റെ അടിസ്ഥാനത്തിലുമാണ് പരിപാടിക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പരിപാടി നടത്താനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രേഡ് സെൻ്ററിന് കഴിഞ്ഞില്ലെന്നും കോര്‍പറേഷന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയിലുണ്ട്. അവസാന നിമിഷം പരിപാടി തടഞ്ഞത് അനീതി എന്ന് കാണിച്ച് സംഘാടകരായ ഫോര്‍ച്യൂണ്‍ ബക്കറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി അവിയല്‍ ബാന്‍ഡും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ പങ്കെടുക്കുന്ന സംഗീത പരിപാടിയാണ് ഇന്ന് ട്രേഡ് സെൻ്ററില്‍ നടത്തുന്നത്. നാലായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി.