കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണ്ണവേട്ടയിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 4.82 കിലോ ഗ്രാം സ്വർണ്ണം. സ്വർണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1.19 കിലോ ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 1.31 കിലോ ഗ്രാം സ്വർണ്ണമാണ് അബുദാബിയിൽ നിന്നെത്തിയ കുറ്റ്യാടി വേളം സ്വദേശിയായ യുവതിയിൽ നിന്ന് കണ്ടെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കൊണ്ടുവന്നത്.

ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും പിന്നാലെ പിടിയിലായിട്ടുണ്ട്. വസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്തിയത്. സ്വർണ്ണക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നും പോലീസ് സ്വർണ്ണം പിടികൂടുന്ന കേസുകൾ കൂടിയതിനു പിന്നാലെയാണ് കസ്റ്റംസ് നടപടികൾ ഊർജ്ജിതമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *