കോഴിക്കോട്ടെ ബാലവിവാഹം: വരനടക്കം പ്രതികളെല്ലാം ഒളിവിൽ, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ പ്രതികളെല്ലാം ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ സിഡബ്ലുസിയും നിയമനടപടി തുടങ്ങി.

കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വെച്ച് നടന്ന ബാലവിവാഹത്തിൽ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനാണ് ഒന്നാംപ്രതി. പെൺകുട്ടിയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മറ്റ് രണ്ട് പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇവരെല്ലാം ഒളിവിലാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാകും ബാല വിവാഹ നിരോധന നിയമത്തിന് പുറമെ കേസിൽ, പോക്‌സോ വകുപ്പ് കൂടി ചേർക്കണമോയെന്ന് പൊലീസ് തീരുമാനിക്കുക.

എന്നാൽ ഒളിവിൽ പോയ വരനൊപ്പമാണ് പെൺകുട്ടിയെന്നതിനാൽ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമാണ് 18 വയസ്സ് പൂർത്തിയാകുക. ഇത് മറച്ചുവച്ച് മതപുരോഹിതൻ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *