കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടി, കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് എ കെ ബാലന്‍

കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരന്‍ തെളിയിക്കണം. മുരളീധരന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന് കെ കരുണാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മകനും അതേ അനുഭവമാണ് വന്നിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് ബഹുമാനപ്പെട്ട മുരളീധരനോട് അഭ്യര്‍ത്ഥിക്കാനുള്ളത്. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് ഒരു ഘട്ടത്തില്‍ ഡിഐസി വഴി അദ്ദേഹം തെളിയിച്ചതാണ്. പക്ഷെ ഏതാണ്ട് കൂറുമാറിയ ആളെപ്പോലെയാണല്ലോ ഇപ്പോള്‍ കോണ്‍ഗ്രസില്‍ അദ്ദേഹത്തോടുള്ള സമീപനം. കോണ്‍ഗ്രസിനുള്ളില്‍ സഹിക്കാവുന്നതിനും അപ്പുറം കരുണാകരന്റെ കുടുംബം ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്. കെ കരുണാകരന്‍ രാജിവെച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ പകുതി ഗദ്ഗദത്തോടെയാണ് പറഞ്ഞത് ലോകത്ത് ഇങ്ങനെയൊരു ചതിയന്മാരുടെ പാര്‍ട്ടി ഇല്ലായെന്ന്. അത്തരമൊരു സാഹചര്യത്തില്‍ കരുണാകരന്‍ സങ്കടത്തോടെ പറഞ്ഞ കാര്യം ഓര്‍ത്ത് മുരളീധരന്‍ നിലപാട് പരിശോധിക്കണം. കോണ്‍ഗ്രസിനുള്ളില്‍ നാറിയിട്ട് നിക്കണോയെന്ന് പരിശോധിക്കണം. അദ്ദേഹത്തെപ്പോലെ വ്യക്തിത്വമുള്ള ആള്‍ ഈ രൂപത്തിലുള്ള ചതിയില്‍പ്പെടാന്‍ പാടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ കത്തിന് അപ്പുറം ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്നും ബാലന്‍ പറഞ്ഞു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഡിസിസിയുടെ കത്ത് ചര്‍ച്ചയാക്കില്ലെന്ന ഇടതു സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ നിലപാട് എ കെ ബാലന്‍ തള്ളി. സരിന്‍ കറകളഞ്ഞ സഖാവാകാന്‍ സമയമെടുക്കും. ഭിന്നാഭിപ്രായം അതുകൊണ്ടാണ്. സരിന്‍ പറയുന്നതല്ല പാര്‍ട്ടി നിലപാടെന്നും എ കെ ബാലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *