കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് ചെറിയ കോട്ടമൈതാനത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നരേന്ദ്രമോദി രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കര്‍ഷകര്‍ സമരത്തിലാണ്. അതിസമ്പന്നരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നരേന്ദ്രമോദി സര്‍ക്കാര്‍, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാത്തതെന്തെന്നാണ് അവര്‍ ചോദിക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഒന്നാമതായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നിയമപരമായി താങ്ങുവില ഉറപ്പാക്കും. രണ്ടാമതായി കര്‍ഷകരുടെ ബാങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളും. തൊഴിലാളികള്‍ക്ക് കുറഞ്ഞത് 400 രൂപയെങ്കിലും ദിവസക്കൂലി ഉറപ്പാക്കുന്ന സംവിധാനം നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലിനും യുവാക്കള്‍ക്കുമിടയില്‍ മോദി സര്‍ക്കാര്‍ കെട്ടിയ വലിയ ഒരു മതിലുണ്ട്. ഇത് തകര്‍ക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇത് നടപ്പായാല്‍ യഥാര്‍ഥത്തിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ, മേയ്ക്ക് ഇന്‍ കേരള എന്നിവ സാധ്യമാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”താന്‍ ബി.ജെ.പി.ക്കെതിരായ മുഴുവന്‍സമയ പോരാളിയാണെന്നത് രാജ്യത്തെ എല്ലാവര്‍ക്കുമറിയാം” എന്ന രാഹുലിന്റെ പ്രസ്താവന സദസ്സ് വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

”തങ്ങള്‍ക്കെതിരേ പോരാടിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനുണ്ടെങ്കില്‍ അത് രാഹുല്‍ ഗാന്ധിയാണെന്ന് ബി.ജെ.പി.ക്കാരും പറയും. ബി.ജെ.പി.യെ എതിര്‍ത്താല്‍ വില കൊടുക്കേണ്ടിവരുമെന്ന് രാജ്യത്തുള്ള എല്ലാവര്‍ക്കുമറിയാം. അതിനുള്ള വില 24 മണിക്കൂറും ഞാന്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം തുടര്‍ച്ചയായി 55 മണിക്കൂറാണ് ഇ.ഡി. എന്നെ ചോദ്യം ചെയ്തത്. ലോക്‌സഭാംഗത്വവും അവര്‍ എടുത്തുകൊണ്ടുപോയി. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് അത് തിരിച്ചുതന്നത്.

എം.പി.യെന്ന നിലയില്‍ ലഭിച്ച ഔദ്യോഗിക വസതിയില്‍നിന്നു പുറത്താക്കി. ഒരു വീടു പോയാല്‍ രാജ്യത്തെനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ട്. ആയിരക്കണക്കിന് വീടുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമുണ്ട്” -വികാരാധീനനായി രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ബി.ജെ.പി. തൊടുന്നില്ലെന്നത് ഏറെ അതിശയകരമാണെന്നും രാഹുല്‍ പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ അധ്യക്ഷനായി. യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ വി.കെ. ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂര്‍), യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ മരയ്ക്കാര്‍ മാരായമംഗലം, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം തുടങ്ങിയവര്‍ സംസാരിച്ചു. ജ്യോതി വിജയകുമാര്‍ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വേദിയില്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *