കോട്ടയത്ത് സഹപ്രവർത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തി, മാലിന്യക്കുഴിയിൽ തള്ളി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം വാകത്താനത്ത് സഹപ്രവർത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന അസംസ്വദേശിയായ ലേമാൻ കിസ്‌ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രിൽ 28-ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വാകത്താനം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രിൽ 26ന് ജോലിക്ക് എത്തിയ ലേമാൻ കിസ്‌ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയപ്പോൾ പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നു. തുടർന്ന് മെഷീനുള്ളിൽനിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ തള്ളി. ഇതിനുശേഷം ഇയാൾ കമ്പനിയിൽ സ്ലറി വേസ്റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെസിബി കൊണ്ട് ഈ വേസ്റ്റ് ടിപ്പറിലാക്കി ലേമാൻ കിടന്നിരുന്ന വേസ്റ്റ് കുഴിയിൽ നിക്ഷേപിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുശേഷം മൃതദേഹം കൈ ഉയർന്ന നിലയിൽ വേസ്റ്റ് കുഴിക്കുള്ളിൽ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *