കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മോന്‍സ് ജോസഫ് ഇടപെട്ട് മാറ്റിനിര്‍ത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുക്കുന്ന വേളയില്‍ മോന്‍സ് ജോസഫ് ഇടപെട്ട് പാര്‍ട്ടി ജില്ലാ പ്രസിഡന്റായ തന്നെ ഒഴിവാക്കുകയും മറ്റാളുകളെ പകരം കയറ്റുകയും ചെയ്തുവെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും തന്നെ മാറ്റിനിർത്തുന്നതിനെതിരെ പിജെ ജോസഫിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറ‍ഞ്ഞു. കോട്ടയം ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ സജി മഞ്ഞക്കടമ്പില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിജെ ജോസഫ് ഇടപെട്ട് സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *