കോട്ടയത്തെ ഭക്ഷ്യവിഷബാധ: നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ 

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കോട്ടയം നഗരസഭ. മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു. കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച യുവതിയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ഡിസംബർ 29 നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്. മരണത്തിന് കാരണമായത് ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. രശ്മിയുടെ ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും.

ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ പിന്നീടും പ്രവർത്തനം നിർബാധം തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. 

അതേ സമയം, ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചു. ഇരുപതോളം പേർക്കാണ് ഡിസംബർ 29 ന് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായിട്ടില്ല. 

Leave a Reply

Your email address will not be published. Required fields are marked *