കോടിയേരിക്ക് ആദരമർപ്പിച്ച് ഗവർണർ; അഴീക്കോടൻ മന്ദിരത്തിലേക്ക് എത്തിയത് ആയിരങ്ങൾ

കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് നാട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുവച്ചിരിക്കുന്ന മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു.

കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. വഴിനീളെ വൻ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ കാത്തുനിന്നത്. വീട്ടിലേക്കും സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ള ആളുകൾ എത്തി. ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3നു പയ്യാമ്പലത്താണ് സംസ്‌കാരം. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്കും അന്ത്യവിശ്രമം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *