‘കോടതിയിൽ നേരിട്ട് ഹാജരാകണം’; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനു തിരിച്ചടി. വിടുതൽ ഹരജിയിൽ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാകാൻ നിർദേശം. കാസർകോട് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 25ന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽനിന്നു വിടുതൽ തേടി സമർപ്പിച്ച ഹരജിയിലെ കേസ് നടപടികളിൽ ഹാജരാകാനാണു നിർദേശം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിടുതൽ ഹരജി നൽകിയിട്ടുണ്ടെന്നും അത് പരിഗണിക്കാൻ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നു. തുടർന്നു വിശദവാദത്തിനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു.

കോടതി ഉത്തരവോടെ കേസിന്റെ തുടർനടപടികളിലേക്കു കടക്കും. കോടതിയിൽ ഹാജരായ ശേഷം ജാമ്യമെടുത്തു പ്രതികൾക്കു തുടർനടപടികൾ സ്വീകരിക്കാമെന്നു കോടതി സൂചിപ്പിച്ചു. ഹൈക്കോടതിയെ സമീപിക്കാനാണു പ്രതികളുടെ നീക്കമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *