കൊച്ചി കാറിൽ കൂട്ട ബലാത്സംഗക്കേസ്; ഒരു യുവതിയടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകൽ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നൽകിയോ എന്നതിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്തെത്തി. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു.

പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *