കളമശ്ശേരിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടി.11 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാലിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. ചൈനീസ്, കോൺടിനെന്റൽ, അറബിക് എന്നീ പേരുകളിൽ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ താൽ, ബറക്ക മന്തി, ന്യൂ, കൂനംതെയിലെ മന്തി കിംഗ് എന്നീ ഹോട്ടലുകളിലെല്ലാം നൽകിയിരുന്നത് പഴകിയ ഭക്ഷണം.
കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്. ഷവർമ, അൽഫാം, മന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കണ്ടെത്തി.
നിരോധിത പ്ലാസ്റ്റിക് കൂടുകളിൽ സൂക്ഷിച്ച ഭക്ഷ്യോത്പന്നങ്ങളും ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തു. ചായക്കടകൾ, ഹോട്ടലുകൾ, മീൻ കടകൾ തുടങ്ങി ഇടങ്ങളിലായിരുന്നു പരിശോധന. ഇതിൽ എച്ച്എംടി ജംഗ്ഷനിലെ മീൻ കടയിൽ നിന്ന് പഴകിയ മീൻ പിടികൂടി. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകി. ആദ്യനടപടി എന്ന നിലയിൽ ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.