കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നറിയിക്കണമെന്ന് ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സർവകലാശാല അറിയിക്കണമെന്നാണ് നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ വിസിക്ക് കത്തു നൽകി. ഇതു രണ്ടാം തവണയാണ് ഗവർണർ ഇക്കാര്യത്തിൽ വിസിക്ക് കത്തു നൽകുന്നത്.

കഴിഞ്ഞയാഴ്ച സമാനമായ കത്തു നൽകിയപ്പോൾ, സർവകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നൽകിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിൻവലിക്കണമെന്നും വിസി ആവശ്യപ്പെട്ടു.

സെർച്ച് കമ്മിറ്റി സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും അറിയിച്ചിരുന്നു. പ്രമേയം പാസ്സാക്കിയത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നും അടിയന്തരമായി വിസിയുടെ കാലാവധി തീരുന്നതിനാൽ സെർച്ച് കമ്മിറ്റിയിലേക്ക് ഇന്നു തന്നെ സെനറ്റിന്റെ പ്രതിനിധിയെ അറിയിക്കാനാണ് നിർദേശം.

ഗവർണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും ഉൾപ്പെടുന്ന രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ലെങ്കിൽ ഈ രണ്ടംഗ കമ്മിറ്റി തുടർനടപടികളുമായി മുന്നോട്ടുപോയേക്കുമെന്നാണ് സൂചന. കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി ഒക്ടോബർ 25ന് അവസാനിക്കുകയാണ്. അതിനുമുമ്പ് സെർച്ച് കമ്മിറ്റി കൂടി പുതിയ വി സിയെ നിയമിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *