കേരളീയം വേദിയിലെ ആദിമം പ്രദർശനം; ദേശീയ പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച

ആദിവാസികളെ ‘കേരളീയം’ പരിപാടിയിൽ അവതരിപ്പിച്ചതിനെതിരെ ദേശീയ പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച.’കേരളീയ’ത്തിലെ ഫോക്ക് ലോർ അക്കാദമിയുടെ ‘ആദിമം’ പ്രദർശനത്തിനെതിരെ നേരത്തെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയതിന് സർക്കാർ മാപ്പ് പറയണമെന്ന് ആദിവാസി – ദളിത് സംഘടനകൾ ആവശ്യപ്പെട്ടു. എന്നാല്‍, വിവാദം അനാവശ്യമെന്നാണ് സർക്കാരിന്റെയും ഫോക് ലോർ അക്കാദമിയുടെയും പ്രതികരണം.

കേരളീയത്തോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാര വളപ്പിൽ ഒരുക്കിയിരിക്കുന്ന ആദിമം ലിവിംഗ് മ്യൂസിയത്തിന് എതിരെയാണ് വിമർശനം ഉയര്‍ന്നത്. കുടിലുകളും ഏറുമാടവും കെട്ടി പരാമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അഞ്ച് ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ളവരെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തനത് കലാരൂപങ്ങളുടെ പ്രകടനവും ഇവിടെ ഉണ്ടായിരുന്നു. ആദിവാസികളെ കാഴ്ച്ചാരൂപങ്ങളാക്കി മാറ്റിയെന്നും വംശീയതയെന്നുമുള്ള വിമർശനങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ആദിവാസി സമൂഹത്തെ അപമാനിച്ചതിന് സർക്കാർ മാപ്പ് പറയണമെന്നാണ് ആദിവാസി ദളിത് സംഘടനകളുടെ ആവശ്യം.

അതേസമയം, ആരെയും അപമാനിച്ചിട്ടില്ലെന്നാണ് ഫോക് ലോർ അക്കാദമി വിശദീകരിക്കുന്നത്. ഗോത്ര പൈതൃക പെരുമയ്ക്ക് കീഴിലെ കലാകാരന്മാരാണ് മേളയിൽ പങ്കെടുക്കുന്നതെന്നാണ് വിശദീകരണം. വിവാദങ്ങൾ മുറുകുമ്പോഴും പരാമ്പരാഗത കലാരൂപങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് പങ്കെടുക്കുന്നവരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *