കേരളത്തില്‍ ആഞ്ഞടിച്ച് യുഡിഎഫ് തരംഗം: 20 ല്‍ 18 സീറ്റുകളിലും യുഡിഎഫ് 

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ വാശിയേറിയ ഔദ്യോഗിക ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചു. 20 ല്‍ 18 സീറ്റുകളിലും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ സിപിഎമ്മിന്റെ ഒരേ ഒരു വിജയം മന്ത്രി കെ രാധാകൃഷ്ണന്‍ മത്സരിച്ച ആലത്തൂരില്‍ ഒതുങ്ങി. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു. മുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപി തൃശൂരില്‍ വിജയിച്ചത്.

ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഫലമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ലീഡ് നില മാറിയും മറിഞ്ഞും വന്ന മത്സരത്തില്‍ 1708 വോട്ടുകള്‍ക്കാണ് സിറ്റിംഗ് എം.പി അടൂര്‍ പ്രകാശ് 1708 വോട്ടുകള്‍ക്കാണ് വി.ജോയ്, വി. മുരളീധരന്‍ എന്നിവര്‍ ഉയര്‍ത്തിയ വെല്ലുവിളി അവസാന റൗണ്ടില്‍ മറികടന്നത്. മണ്ഡലം മാറി വടകരയില്‍ നിന്ന് തൃശൂരിലെത്തിയ കെ മുരളീധരന്‍, ആലത്തൂരിലെ രമ്യാ ഹരിദാസ്, ആലപ്പുഴയിലെ എഎം ആരിഫ് എന്നിവരാണ് തോല്‍വി രുചിച്ച സിറ്റിംഗ് എംപിമാര്‍.

അടൂര്‍ പ്രകാശ് കഴിഞ്ഞാല്‍ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് മാവേലിക്കരയിലെ സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ്. 9,000 വോട്ടുകള്‍ക്ക് മാത്രമാണ് സിഎ അരുണ്‍കുമാര്‍ എന്ന യുവ സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളിയെ കൊടിക്കുന്നില്‍ മറികടന്നത്. വയനാട്ടില്‍ മൂന്നരലക്ഷത്തോടടുത്ത് വോട്ടുകള്‍ക്ക് വിജയിച്ച രാഹുല്‍ ഗാന്ധിയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മുന്നില്‍. എറണാകുളത്ത് ഹൈബി ഈഡന്‍, മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് വിജയിച്ചു.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കോഴിക്കോട് എംകെ രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍ എന്നിവര്‍ ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ 50,000ന് മുകളില്‍ ഭൂരിപക്ഷം നേടി.

Leave a Reply

Your email address will not be published. Required fields are marked *