കേരളത്തിലെ കലാരംഗത്ത് ജാതിവർണ്ണവിവേചനം ലജ്ജാഹീനമായി നിലനിൽക്കുന്നു; രാമകൃഷ്ണനെ പിന്തുണച്ച് സച്ചിദാനന്ദൻ

ആർഎൽവി രാമകൃഷ്ണനെതിരായ കലാമൺലം സത്യഭാമയുടെ പരോകഷ പരിഹസാത്തിനെതിരെ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചദിദാനന്ദൻ. ജതി – വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാമകൃഷ്ണൻറെ കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിൻറെ പൂർണ്ണരൂപം

ഇപ്പോൾത്തന്നെ നടന്ന രണ്ടു സംഭവങ്ങൾ നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു എന്ന് തുറന്നു കാണിക്കുന്നുണ്ട്. ഒന്ന്, പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ. എൽ. വി. രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയമായ, നിറവും തൊഴിലും പറഞ്ഞുളള അധിക്ഷേപം, മറ്റൊന്ന് പ്രസിദ്ധ കർണ്ണാട്ടിക് സംഗീതജ്ഞൻ ടീ. എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നൽകുന്നതിനെ എതിർത്ത് രഞ്ജനി, ഗായത്രി എന്നീ പ്രസിദ്ധ ഗായികമാർ ഉൾപ്പെടെ പലരും മദ്രാസ് മ്യൂസിക് അക്കാദമിയുടെ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്നത്.

ആദ്യത്തേത് ജാതി – വർണ വിവേചനം കേരളത്തിൽ കലാരംഗത്ത് പോലും എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നു. രണ്ടാമത്തേത് ക്ലാസ്സിക്കൽ സംഗീതത്തെ തമിഴ് ബ്രാഹ്‌മണരുടെ കുത്തകയിൽ നിന്നു മോചിപ്പിച്ച് ജനകീയമാക്കാനുള്ള ശ്രമങ്ങളെയും ഒപ്പം ജാതിവിരുദ്ധമായിരുന്ന പെരിയോർ പ്രസ്ഥാനത്തോടുള്ള കൃഷ്ണയുടെ ആഭിമുഖ്യത്തെയും എടുത്തു കാട്ടി കൃഷ്ണയെയും സംഗീതത്തിന്റെ സാർവ്വ ലൗകികതയെയും ഒന്നിച്ച് റദ്ദാക്കാൻ ശ്രമിക്കുന്നു. ഈ സന്ദർഭത്തിൽ ആർ. എ ൽ. വി. രാമകൃഷ്ണന്റെയും ടീ. എം. കൃഷ്ണയുടെയും കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണ്. ജാതി – വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *