കേരളം ഇനി നക്‌സൽ ബാധിത സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ നക്‌സൽ ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഈ ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനം സജീവമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഇനി മുതൽ നക്‌സൽപ്രതിരോധ നടപടികൾക്ക് കേന്ദ്രസഹായം കേരളത്തിന് ലഭിക്കില്ല.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി സുരക്ഷാസേനകൾ മുമ്പ് നടത്തിയ ഓപ്പറേഷനുകളിൽ ഒൻപത് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 735 കേസുകൾ നക്സൽ ബന്ധത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 5 കേസുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതേസമയം, 14 മാവോയിസ്റ്റുകളെ സംസ്ഥാന പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നക്‌സൽ പ്രതിരോധം ശക്തമാക്കാൻ സംസ്ഥാനത്തുടനീളം വിവിധ സുരക്ഷാസേനകളെ വിന്യസിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സംസ്ഥാനത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.