കേബിളില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റിൽ

 കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറത്ത്  തടിലോറി പൊട്ടിച്ച കെ ഫോണിന്‍റെ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ലോറിയുമായെത്തിയാണ് കരുനാഗപ്പള്ളി സിഐക്ക് മുന്നിൽ കീഴടങ്ങിയത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നാട്ടുകാർ ലോറി തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചിട്ടും 27 മണിക്കൂറിന് ശേഷമാണ് പൊലീസ് കേസെടുത്തത്.  ഇതിനിടെ, പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം.

കൊല്ലം കരുനാഗപ്പള്ളി കേബിൾ കുരുങ്ങി വീട്ടമ്മക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ലോറിയില്‍ കുരുങ്ങിയത് കെ ഫോൺ കേബിളാണെന്നാണ്  ദൃക്സാക്ഷിയുടെ മൊഴി. ഹോണടിച്ച് ലോറി നിർത്താൻ പറഞ്ഞിട്ടും നിർത്തിയില്ലെന്നും ദൃക്സാക്ഷി പറയുന്നു. അപകട കാരണം ലോറി അമിത ലോഡ് കയറ്റിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. താലൂക്ക് ആശുപത്രിയിൽ മികച്ച ചികിത്സ കിട്ടിയില്ലെന്നാണ് സന്ധ്യയുടെ ഭർത്താവിൻ്റെ ആരോപണം.തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം ഉണ്ടായത്.

വളാലിൽ ജങ്ഷനിൽ താമസിക്കുന്ന 43 വയസുള്ള സന്ധ്യയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഭർത്താവ് തുളസീധരന്‍റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. തടി കയറ്റിവന്ന ലോറിയിൽ കുടുങ്ങി കെ ഫോൺ കേബിളുകൾ പൊട്ടി താഴെ വീണു. കേബിളുകൾക്കിടയിൽപ്പെട്ട് സ്കൂട്ടറും സന്ധ്യയും 20 മീറ്റർ ദൂരേക്ക് തെറിച്ചു വീണു. സ്കൂട്ടർ 20 മീറ്ററോളം ഉയരെ പൊങ്ങി സന്ധ്യയുടെ ദേഹത്ത് വീണു. ഇതൊന്നുമറിയാതെ മുന്നോട്ടു പോയ ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. തോളെല്ലിന് പൊട്ടലെറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലോറിയുടെ പിന്നാലെ കാറിൽ എത്തിയ ലോറി ഉടമ കയര്‍ത്തുവെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *