കേടായ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടായ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്ന വയോധികനെ രക്ഷപ്പെടുത്തി. ശനിയാഴ്ച 11 മണിക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഒപിയിൽ എത്തിയ തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുളളിൽ കുടുങ്ങിയത്.

ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ഒരാൾ ലിഫ്റ്റിനുളളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു വയോധികൻ.

ശനിയാഴ്ച 12 മണിയോടെയാണ് ലിഫ്റ്റ് കേടായത്. ഈ സമയത്ത് രവീന്ദ്രൻ നായർ ലിഫ്റ്റിനുളളിൽ കുടുങ്ങി പോകുകയായിരുന്നു. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും അകപ്പെട്ടോയെന്ന് പോലും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല.

രവീന്ദ്രൻ നായരുടെ മൊബൈൽ ഫോൺ നിലത്ത് വീണ് നശിച്ച നിലയിലായിരുന്നു. ലിഫ്റ്റ് പെട്ടന്ന് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രൻ നായർ പറയുന്നത്. വയോധികൻ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *