കെ കെ രമ വിവാദത്തിൽ പാർട്ടി ഇടപെടേണ്ടതില്ല, കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസ്; എം.വി ഗോവിന്ദൻ

കെ കെ രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത്  പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. 

കെ.കെ. രമ എം.എൽ.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടതെന്ന് കഴിഞ്ഞ ദിവസം  എം വി. ഗോവിന്ദൻ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാൻ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നാണ് നിലവിലെ പരാമർശം. 

അതേസമയം, കയ്യിൽ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പറഞ്ഞു. ഡോക്ടർ എക്‌സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണെന്നും കെ കെ രമ വിശദീകരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെ കെ രമ ചോദിച്ചു. 

നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *