കെ.എം ഷാജിക്ക് എതിരായ പ്ലസ് ടു കോഴക്കേസ് ; സംസ്ഥാന സർക്കാരിനും ഇ.ഡിക്കും സുപ്രീംകോടതിയിൽ തിരിച്ചടി

പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ഷാജിക്കെതിരായ കോഴക്കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സർക്കാരും ഇഡിയും സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിധിയിൽ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് കേസ്. ജൂൺ 19നാണ് ഷാജിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതായിരുന്നു ഉത്തരവ്.

ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂർ മാലൂർകുന്നിലെ ഷാജിയുടെ വീടിനോടുചേർന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇഡി നടപടി സ്വീകരിച്ചത്. ഈ കേസിലാണ് ഹൈക്കോടതി ഷാജിക്ക് ആശ്വാസകരമായ വിധി നൽകിയത്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത കേസും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രാദേശിക സിപിഐഎം നേതാവിന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തിരുന്നത്.

എന്നാൽ, ഷാജിക്കെതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തിലാണെന്നും പരാതി വസ്തുതാപരമാണെന്നുമാണ് സർക്കാർ വാദിച്ചത്. കോഴ നൽകിയെന്ന് രഹസ്യമൊഴിയുണ്ടെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *