കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാർ; കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. വയനാട് എംപി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.

അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. 

Leave a Reply

Your email address will not be published. Required fields are marked *