കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ ഉടൻ മാറ്റില്ല ; നേതൃമാറ്റം ഉടനില്ലെന്ന് ഹൈക്കമാഡിൻ്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിന്‍റെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണ്. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി. കെ സി വേണുഗോപാൽ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.

ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മാറ്റത്തിനുള്ള നീക്കം തുടങ്ങിയെന്ന സൂചനകൾ സുധാകരനും നൽകിയിരുന്നു. പദവികൾ പ്രശ്നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിന്‍റെ സന്ദേശമതാണ്. പുതിയ പ്രസിഡന്‍റിന് കീഴിൽ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ തൽക്കാലം മാറ്റമില്ലെന്നാണ് ഹൈക്കമാൻഡ് സുധാകരനെ അറിയിച്ചത്. സുധാകരനെ കൂടി വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കൂ എന്ന ഉറപ്പാണ് ഹൈക്കമാൻഡ് ഇപ്പോൾ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *