കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ തമ്മിൽ തല്ല് ; സംഘടനാ നേതൃത്വത്തിന് വീഴ്ച പറ്റി , കെപിസിസി അന്വേഷണ സമിതി

കെഎസ്‍യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ലില്‍ സംഘടനാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കെപിസിസി അന്വേഷണ സമിതി. വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്നാണ് ആവശ്യം. കെപിസിസി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും കെ സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മൂന്നംഗ സമിതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന് കൈമാറി.

അലോഷ്യസ് സേവിയറിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി, ക്യാംപ് നടത്തിപ്പില്‍ പരാജയപ്പെട്ടുവെന്നാണ് കെപിസിസി അന്വേഷണ സമിതിയുടെ പ്രധാന കുറ്റപ്പെടുത്തല്‍. തെക്കന്‍ മേഖലാ ക്യാംപ് കെപിസിസിയെ അറിയിച്ചില്ല. ക്യാംപിന് ഡയറക്ടറെ നിയോഗിച്ചില്ല, കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരനെ ക്ഷണിച്ചില്ല, സംസ്ഥാന ഭാരവാഹികള്‍ തന്നെ തല്ലിന്‍റെ ഭാഗമായി, കൂട്ടത്തല്ല് പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കി, വിശദമായ അന്വേഷണം നടത്തി ഭാരവാഹികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി വേണം എന്നിങ്ങനെയാണ് മൂന്നംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.

നെടുമങ്ങാട് കോളജിലെ കെഎസ്‍യു യൂണിറ്റിന്‍റെ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്ന കെഎസ്‍യു ക്യാംപില്‍ കൂട്ടത്തല്ല് ഉണ്ടായത്. നിരവധി ഭാരവാഹികള്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കൂട്ടത്തല്ല് മാധ്യമ വാര്‍ത്തയെന്നായിരുന്നു കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.

കെഎസ്‍യുവിന്‍റെ ജംബോ കമ്മിറ്റി സംഘടനയ്ക്ക് ഗുണകരമല്ലെന്നും അടിമുടി ശുദ്ധീകരണം വേണമെന്നും പഴകുളം മധു, എംഎം നസീര്‍ എകെ ശശി എന്നിവര്‍ അംഗങ്ങളായ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. കെപിസിസി പ്രസി‍‍ഡന്‍റ് കെ സുധാകരനെ ക്യാംപിന് ക്ഷണിക്കാതിരുന്നത് ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പുറത്താണെന്ന കുറ്റപ്പെടുത്തലുമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനാകെ നാണക്കേടുണ്ടായ പശ്ചാത്തലത്തില്‍ കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ സംഘടനാ നടപടി ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *