കെഎസ്ആർടിസിയിൽ 4 ജീവനക്കാർക്കെതിരെ നടപടി

ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരാണ് ഇപ്പോൾ നടപടിക്ക് വിധേയമായിരിക്കുന്നത്. പോക്‌സോ കേസ് പ്രതി മുതൽ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ചയാൾ വരെ നടപടി നേരിട്ടു.

പോക്‌സോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്തിനെ  അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. 16 വയസുള്ള വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ കഴിഞ്ഞമാസം 23 മുതൽ ജോലിക്ക് ഹാജരായിട്ടുമില്ല.  ബസിൽ യാത്രചെയ്ത വിദ്യാർത്ഥിനിയെ ഡ്യൂട്ടിക്കിടയിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. 

കഴിഞ്ഞമാസം 23 ന് കൊല്ലം – കായംകുളം സർവ്വീസിൽ 25 യാത്രക്കാർ മാത്രമുള്ളപ്പോൾ ഒരു യാത്രക്കാരിക്ക് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോണിനേയും, 

ഈ മാസം 11 ന് കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടർ വിഷ്ണു എസ് നായരേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

സെപ്തംബർ 19 ന് പന്തളം പോളിടെക്‌നിക് കോളേജിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനായി ഹരിപ്പാട് നിന്നും ബസിൽ കയറി ചന്തിരൂർ ഹൈസ് സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങണമെന്ന് കണ്ടക്ടറോട് വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ടും കണ്ടക്ടർ നിർത്താതെ വന്നപ്പോൾ വിദ്യാർത്ഥി സ്വയം ബെല്ലടിച്ചതിനെ തുടർന്ന് പ്രകോപിതനായ കണ്ടക്ടർ അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയാൽ മതിയെന്ന് ഡ്രൈവറോട് പറഞ്ഞു. തുടർന്ന് ബസിന്റെ നമ്പർ ഫോട്ടോ എടുക്കാൻ ശ്രമിച്ച  വിദ്യാർത്ഥിയുടെ കോളറിൽ കണ്ടക്ടർ  പിടിച്ച് വലിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻപിള്ളയേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *