കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല: ഗണേഷ്‌ കുമാര്‍

മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌ കുമാര്‍. എന്നാൽ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല. കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ്. ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നു. മന്ത്രിയായാൽ കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആർ ടി സി യിൽ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആര്‍ടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെ എസ് ആർ ടി സിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം നവകേരള സദസിനെതിരായ സമരങ്ങൾ എന്തിനെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *