‘കൂടെയുള്ളത് ഭാര്യയാണോ, കാമുകിയാണോ എന്ന ചോദ്യങ്ങൾ വേണ്ട’: കെഎസ്ആർടിസി ജീവനക്കാരോട് മന്ത്രി

കെഎസ്ആർടിസി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആർടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീൽ പരമ്പരകളുടെ ഭാഗമാണ് ഈ നിർദേശവും. ബുക്ക് ചെയ്ത് ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാൾ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു.

കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെന്നും റീലിൽ മന്ത്രി പറയുന്നുണ്ട്. സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്ടർമാർ അവരോട് സ്‌നേഹത്തിൽ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർധിപ്പിക്കും അത് ജീവനക്കാർക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *