കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ് സർക്കാരാണ്. അവർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി സുരേഷ് ഗോപി കൊച്ചിയിലേക്ക് എത്തുന്നുണ്ട്.
ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണ്. നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അതേസമയം, കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണ്.
45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്. തമിൽനാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്. രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയിൽ 31 മൃതദേഹങ്ങളാണ് ഇറക്കുക. 23 മലയാളികളും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്.