കുറി തൊടുന്നവരെ മൃദുഹിന്ദുത്വത്തിന്റെ പേരിൽ മാറ്റിനിർത്തരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ആരും ബിജെപിയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ എ.കെ.ആന്റണി പറഞ്ഞത് 100% ശരിയാണെന്നും ആന്റണിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
”അദ്ദേഹം പറഞ്ഞ കാര്യം ശരിയാണ്. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും താൽപര്യം സംരക്ഷിക്കുന്നു. എ.കെ.ആന്റണി പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബിജെപിയാകില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബിജെപി ആകുമോ?. അതൊക്കൊ വിശ്വാസത്തിന്റെ കാര്യമാണ്”– അദ്ദേഹം പറഞ്ഞു.