കുട്ടി കർഷകരുടെ പശുക്കൾ ചത്ത സംഭവം; സഹായ ഹസ്തവുമായി സിപിഐഎം, രണ്ട് പശുക്കളെ നൽകും

ഇടുക്കി തൊടുപുഴ വെളിയമറ്റത്തെ കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി സിപിഐഎം.രണ്ട് പശുക്കളെ നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കുട്ടികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകും. വീട്ടിലെത്തിയാകും തുക കൈമാറുക. നേരത്തെ നടന്മാരായ ജയറാമും മമ്മൂട്ടിയും പൃഥ്വിരാജും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. ജയറാം അഞ്ച് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകി.

കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ മില്‍മ 45,000 രൂപ നല്‍കും. പശുക്കള്‍ക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികള്‍ക്ക് കൈമാറും.

കുട്ടിക്കർഷകരായ ജോർജ് കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് മാത്യുവിന്റേത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഫാമാണിത്. നിരവധി പുരസ്കാരങ്ങളും ഈ ഫാം നേടിയിട്ടുണ്ട്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *