കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

പനമ്പിള്ളി നഗറിനടുത്ത് നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോണിൽ നിന്ന് ലഭിച്ച പാര്‍സല്‍ കവറില്‍ പൊതിഞ്ഞ്. ഈ കവറിൽ മേല്‍വിലാസം ഉണ്ട്.

കുഞ്ഞിനെ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സിസിടിവി ദൃശ്യം ലഭ്യമായതാണ്. എന്നാല്‍ ആരാണ് ഇത് ചെയ്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഫ്ലാറ്റില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഫ്ളാറ്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവിടെ പല ഫ്ളാറ്റുകളിലും താമസക്കാരില്ല. ഇങ്ങനെ പൂട്ടിക്കിടക്കുന്ന ഫ്ളാറ്റുകളും പരിശോധിക്കും.

കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് ആൾത്താമസമില്ലാത്ത ഫ്ലാറ്റിൽ നിന്നാണെന്ന നി​ഗമനത്തിലാണ് പൊലീസ്. വൻഷിക അപ്പാർട്ട്മെന്റിൽ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴ് നിലകളുള്ള അപ്പാർട്ട്മെന്റിൽ രണ്ട് ഫ്ലാറ്റുകളിൽ താമസക്കാരില്ല. നിലവിലെ താമസക്കാരിൽ ​ഗർഭിണികളുണ്ടായിരുന്നില്ലെന്നാണ് ആശാ വർക്കർമാർ നൽകുന്ന വിവരം.

എന്നാൽ, ​ഗർഭ വിവരം ഒളിച്ചുവച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്. ഇത് ശരിവെക്കുന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതി ഇവിടുത്തെ താമസക്കാരി തന്നെയാണെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന, സ്ഥിരീകരിക്കാത്ത വിവരം.

ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ നടുറോഡില്‍ ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. തുടര്‍ന്നാണ് സിസിടിവി ദൃശ്യം ലഭിക്കുന്നത്. പൊക്കിള്‍ക്കൊടി മുറിച്ച നിലയിലാരുന്നു മൃതദേഹം. കുഞ്ഞിനെ മരിച്ച ശേഷം എറിഞ്ഞതാണോ, അതോ എറിഞ്ഞുകൊന്നതാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *