കിണറ്റിൽ നിന്നും മയക്കുവെടിവെച്ച് പിടിച്ച പുലി ചത്തു

കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്നും മയക്കുവെടിവെച്ച് പിടിച്ച പുലി ചത്തു. കൂട്ടിലാക്കി അൽപസമയത്തിനകമാണ് പുലി ചത്തത്. നാളെ വയനാട്ടിൽ പോസ്റ്റ്‌മോർട്ടം നടത്തും. കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ ശേഷമായിരുന്നു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടർന്ന് പുലിയെ കൂട്ടിലേക്കു മാറ്റിയിരുന്നു. കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്.

പുലിയെ വയനാട്ടിലേക്കു കൊണ്ടുപോകാനും തീരുമാനിച്ചിരുന്നു. കിണറ്റിൽ രണ്ടര കോൽ വെള്ളമുണ്ടായിരുന്നു. ഇത് വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡിഎഫ്ഒ അനുമതി നൽകിയത്. വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.

മലിൽ സുനീഷിന്റെ വിട്ടുവളപ്പിലെ കിണറ്റിൽ വീണ പുലിയെ രാവിലെയാണ് കണ്ടെത്തിയത്. പെരിങ്ങത്തൂർ പോലുള്ള നഗര പ്രദേശത്തേക്ക് പുഴ കടന്നായിരിക്കാം പുലി എത്തിയതെന്ന് ഡിഎഫ്ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *