കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് ഏഴു കോടി രൂപയുടെ 2000ന്റെ നോട്ടുകൾ പിടിച്ചെടുത്തു

കാസർകോട് അമ്പലത്തറ ഗുരുപുരത്ത് ഒരു വീട്ടിൽനിന്ന് 7 കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെ നോട്ടുകളാണു പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി പി.ബി.ജോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് നടത്തിയ റെയ്‌ഡിലാണ് തുക പിടികൂടിയത്. 

കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പിൻവലിച്ച നോട്ടുകളാണു കണ്ടെത്തിയത്. പ്രവാസിയായ കെ.പി.ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം പാണത്തൂരിലെ അബ്ദുൽ റസാക്കിന് ഒരു വര്‍ഷം മുൻപ് ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു. കല്യോട്ട് സ്വദേശിയാണെന്നും ഹോട്ടൽ ബിസിനസ് ചെയ്യുന്നു എന്നും പറഞ്ഞ് പ്രതിമാസം 7500 രൂപ വാടകയ്ക്കാണ് വീട് എടുത്തത്. ഇയാളും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

മൂന്നു ദിവസമായി അടച്ചിട്ട വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൂജാമുറിയിൽ ഒളിപ്പിച്ച നിലയിലും കിടപ്പുമുറിയിൽനിന്നുമാണ് 2000ത്തിന്റെ കള്ളനോട്ടുകൾ പിടിച്ചത്. തെര്‍മോക്കോൾ ബോക്സ്, കാര്‍ഡ് ബോര്‍ഡ്, ചാക്ക് എന്നിവിടങ്ങളിലായി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു നോട്ടുകൾ.

അമ്പലത്തറ സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലാണു പരിശോധന നടന്നത്. അബ്ദുൽ റസാക്കിനു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നോട്ടിന്റെ സീരിയൽ നമ്പർ ഉൾപ്പെടെ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *