കാറിനുള്ളില്‍ രാജവെമ്പാല; വനംവകുപ്പ് സംഘമെത്തി പിടികൂടി

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയ്ക്ക് ഏകദേശം 10 വയസ്സ് തോന്നിക്കും.

കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളില്‍നിന്ന് ഒരനക്കമുള്ളതായി സംശയം തോന്നിയതോടെ കുഞ്ഞുമോന്‍ പരിശോധന നടത്തി. ഇതോടെ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. പിന്നാലെയെത്തിയ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാറിനുള്ളിലെ മുന്‍ഭാഗത്തുവെച്ച് പാമ്പിനെ പിടികൂടി.

വടക്കാഞ്ചേരി സെക്ഷന്‍ വനം ഉദ്യോഗസ്ഥനായ സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദലിയാണ് പാമ്പിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *