തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്ങിന് ഇരയായി എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് കോളജിന്റെ നടപടി ഉണ്ടായത്. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.
അതേസമയം വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്.