കായിക സംഘടനകള്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാര്‍ രംഗത്തെത്തി.കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്റെ കായിക മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സുനിൽ കുമാര്‍ തുറന്നടിച്ചു.
കായിക സംഘടനകള്‍ കള്ളന്മാരാണെന്ന് മന്ത്രി വിളിച്ചത് തെറ്റാണ്. പണം തരാതെ എങ്ങനെ പുട്ടടിക്കുമെന്നും സുനിൽ കുമാര്‍ ചോദിച്ചു. കായിക സംഘടനകളാണ് ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്.
കായിക സംഘടനകളെ മന്ത്രി അപമാനിച്ചു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉള്‍പ്പെടുത്താൻ മന്ത്രി എന്താണ് ചെയ്തതെന്നും സുനിൽ കുമാര്‍ ചോദിച്ചു. ഹാന്‍ഡ്ബോളിൽ ഹരിയാനയ്ക്ക് സ്വര്‍ണം കിട്ടാൻ ഗൂഢാലോചന നടത്തിയെന്ന് ഒരു കളിക്കാരനും പറയില്ലെന്നും സുനിൽ കുമാര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ഒരു കായിക സംഘടനയ്ക്കും ഫണ്ട് നൽകിയിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് മന്ത്രി പ്രതികരിച്ചതെന്നും സുനിൽകുമാര്‍ പറഞ്ഞു.
നേരത്തെ കായിക മന്ത്രി വട്ടപൂജ്യമാണെന്നും കേരളത്തിന്റെ കായിക മേഖലയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും സുനിൽ കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സുനിൽ കുമാറിനും കായിക സംഘടനകള്‍ക്കുമെതിരെ തുറന്നടിച്ചത്. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകൾക്കാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിമർശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്റാണെന്നും സുനിൽ കുമാറിനെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു.
ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം ജോലി ആത്മാർഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓർക്കണം. കളരിയെ ഇത്തവണ ഒഴിവാക്കിയതിന് പിന്നിൽ ഒളിമ്പിക്സിന്റെ കേരളത്തിൽ നിന്നുള്ള ദേശീയ പ്രസിഡന്റും സംസ്ഥാന പ്രഡിഡന്റും അടങ്ങിയ കറക്കു കമ്പനിയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. മോശം പ്രകടനമായിരിക്കും ഇത്തവണ ഉണ്ടാവുക എന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നും മന്ത്രി തുറന്നടിച്ചു.
ഓരോ വർഷവും 10 ലക്ഷം രൂപ വെച്ച് ഈ അസോസിയേഷനുകൾക്ക് കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ആ പണം ഉപയോഗിച്ച് ചെയ്യുന്നത് മറ്റെന്തോ അല്ലേയെന്നുമായിരുന്നു മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. ഇതിനുള്ള മറുപടിയായിട്ടാണ് സുനിൽ കുമാര്‍ വീണ്ടും വിമര്‍ശനമായി രംഗത്തെത്തിയത്.