കാഫിർ സ്ക്രീൻഷോട്ട് വിവാദം ; സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ്

കോഴിക്കോട് വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായ വിവരങ്ങളുള്ളത്. ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 25ന് വൈകിട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *